Friday, March 6, 2009

വര്‍ഗീയതയുടെ വിത്ത് വിതക്കുന്നവര്‍!

ഇപ്പോള്‍ കേരളത്തിലെ സമൂഹത്തില്‍ വിത്ത് വിതക്കുന്ന സമയമാണെന്ന് തോന്നുന്നു. തിരഞ്ഞെടുപ്പല്ലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന തിരക്കിലാണു. ഈ അടുത്ത കാലങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കണ്ടുവരുന്ന ഒരു ദുഷ്പ്രവണത നിയോജക മണ്ഡലങ്ങളുടെ ഭൂമിശാസ്ത്രമായ കിടപ്പുവശവും സാമൂദായിക ഭൂരിപക്ഷവും നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക എന്നതാണു. കേരളത്തിന്റെ ശാപമെന്നു പറയട്ടെ പുരോഗമന ചിന്താഗതിക്കാര്‍ എന്ന് നടിക്കുന്ന ഇടതുപക്ഷം പോലും സ്ഥാനാര്‍ഥിയുടെ പേരെങ്കിലും പ്രസ്തുത സമുദായത്തില്‍ നിന്നാകാന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ മതവിശ്വാസ അനുഷ്ടാനങ്ങള്‍ പാര്‍ട്ടി വിശ്വാസത്തിലുള്ള പോരായ്മയായും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനുള്ള കാരണമായും മാധ്യമ സിണ്ടിക്കേറ്റുകള്‍ പ്രചരിപ്പിക്കുമെങ്കിലും!പക്ഷേ ഇതൊക്കെ ചെയ്യുമ്പോള്‍ ഇവരൊക്കെ മറക്കുന്ന ഒരു കാര്യമുണ്ട്, പ്രബുദ്ധരായ ഒരു ജനതയെ, കാലത്തിനു മുന്‍പെ നടന്നു ഇന്ത്യാമഹാരാജ്യത്തിനു മാത്രുകയായ പാരമ്പര്യമുള്ള ഒരു ജനതയെ ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ പിന്നോട്ട് നടക്കാന്‍ പ്രേരിപ്പിക്കുന്നതിനു കാലം മാപ്പു നല്‍കില്ല എന്ന കാര്യം. സ്വന്തം സമുദായത്തിലെ ജനങ്ങളുടെ നിസഹായവസ്ഥ മുതലാക്കി അവരെ വച്ചു വിലപേശി സീറ്റുകള്‍ നേടിയെടുക്കുന്ന സമുദായ നേതാക്കള്‍ക്കും ഈ കുറ്റത്തില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കാനാവില്ല. രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹ്യ സേവനവുമല്ല മാനദണ്ഡങ്ങള്‍ എന്നു വരുന്നതോടെ അരാഷ്ട്രീയ വാദികള്‍ വളരുകയെ ഉള്ളൂ. ഇതോടൊപ്പം അടിച്ചമര്‍ത്തപ്പെടുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഒരു ഭൂരിപക്ഷ സമൂഹതിന്റെ തീവ്രവാധ ധ്രുവീകരണം എന്ന അപകടപരമായ സ്ഥിതിവിശേഷത്തിനും സമൂഹം സാക്ഷിയാകേണ്ടിവരും. പ്രത്യേകിച്ചും ഇത്തരം ചിന്താഗതികളെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന വളക്കൂറുള്ള മണ്ണ് ഒരുക്കി കൊടുക്കുന്ന പ്രസ്ഥാനങ്ങള്‍ യഥേഷ്ടം ഉള്ളപ്പോള്‍.
വാല്‍കഷ്ണം: ബൂര്‍ഷ്വ പാര്‍ട്ടികളാണു തമ്മില്‍ ഭേദമെന്നു ഇന്നത്തെ ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനം സൂചിപ്പിക്കുന്നു. പ്രസ്താവനയില്‍ മാത്രം ഒതുങ്ങുമെങ്കിലും!!!!

No comments:

Post a Comment